2019, ഏപ്രിൽ 14, ഞായറാഴ്‌ച













അപ്പുവിന്റെ കുറത്തി

എൽകെജി തൊട്ട്
ഏഴുവരെയുള്ള
സ്കൂളിൽ വാർഷികം.
ആട്ടം, പാട്ട്, ആംഗ്യം, ആഘോഷം. 

വേദിയെലെത്തുന്ന കുട്ടികൾ 
അച്ഛനെ, അമ്മയെ, 
പെട്ടെന്ന് കണ്ടുപിടിച്ചു.
കൈയിലുയർന്നു നില്ക്കും ഫോൺക്യാമറ അടയാളം.


ഒരിനം
നാലാം ക്ളാസുകാരൻ
അപ്പുവിനുമുണ്ടായിരുന്നു,
കടമ്മനിട്ടയുടെ കുറത്തി.
അപ്പുവിന് അപ്പുവിന്റെ കുറത്തി
അമ്മയുടെ ഫോണില് കാണണം.
അമ്മയുടെ കൈയിലെ റബ്ബർ ബാന്റിട്ട
ഫോണിലതില്ലെന്ന് അവനറിയാം.
അതാണവന്റെ
കുറത്തിയുടെ സങ്കടം.

സങ്കടത്തോടെ അപ്പു
കുറത്തിയുമായി കയറി.
അപ്പുവിന്റെ രണ്ടാം ക്ളാസുകാരനനിയൻ
അമ്മയുടെ മടിവിട്ടിറങ്ങി.
എവിടെ നിന്നോ കിട്ടിയ സിഗരറ്റ്
കൂടുയർത്തിപിടിച്ച് സ്റ്റേജിന് മുന്നിൽ അവൻ നിന്നു.
തുള്ളുന്ന കുറത്തിയ്ക്ക് മുന്നിൽ.

എന്നാലും
അപ്പുവിന്റെ സങ്കടം മാറിയതായ ഭാവമൊന്നും
അപ്പുവിന്റെ കുറത്തിയിൽ കണ്ടതേയില്ല.